ആഫ്രിക്കൻ രാജ്യമായ സുഡാനിലെതീക്ഷ്ണമായ പട്ടിണിയുടെ നേർക്കാഴ്ചയായിരുന്നു കെവിൻ കാർട്ടർ തൻ്റെ ക്യാമറയിൽ ഒപ്പിയെടുത്ത ലോകശ്രദ്ധ നേടിയ 'കഴുകനും പെൺകുട്ടിയും' എന്ന ചിത്രം.ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്സ്ബർഗ് സൺഡേ പത്രത്തിൽ ഫോട്ടോജേര്‍ണലിസ്റ്റായി പ്രവർത്തിച്ചിരുന്ന കെവിൻ കാർട്ടറും സുഹൃത്ത് സിൽവയും സുഡാൻ ജീവിതം പകർത്താനായി 1993 മാർച്ചിലാണ് ദക്ഷിണ അയോഡ് എന്ന ഗ്രാമത്തിലെത്തുന്നത്.
സുഡാനികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യു. എൻ. ക്യാമ്പിനരികിലൂടെ ദൃശ്യങ്ങൾ പകർത്തി നടക്കുമ്പോഴാണ് , മുഴുപ്പട്ടിണിയാൽ എല്ലുന്തിയ കൊച്ചു പെൺകുട്ടി പൊള്ളുന്ന വെയിലിൽ ക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ആ ദൃശ്യം ക്യാമറയിൽ പകർത്താനൊരുങ്ങവേ പെട്ടെന്ന് ഒരു കഴുകൻ കുഞ്ഞിനെ ഭക്ഷണമാക്കാനായി പറന്നിറങ്ങി. മരണത്തിനും ജീവിതത്തിനും ഇടയിലെ നേർകാഴ്ച. കഴുകൻ ചിറകു വിരിക്കുന്നതും കാത്ത് കാർട്ടർ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. എന്നാൽ ആ കഴുകൻ കുഞ്ഞിനെ ആക്രമിച്ചില്ല. ഒടുവിൽ കാർട്ടർ കുട്ടിയെയും കഴുകനെയും ഒരേ ഫ്രെയിമിലാക്കി. അപ്പോഴേക്കും ആ കുഞ്ഞുശരീരത്തിൽ നിന്നും അവസാനശ്വാസവും അണഞ്ഞുപോയിരുന്നു.
കാർട്ടറുടെ ഈ ചിത്രം പട്ടിണിയുടെ ഏറ്റവും ഭീകരമായ തുറന്നുകാട്ടലായിരുന്നു. 1993 മാർച്ച് 26 ന് ന്യുയോർക് ടൈംസും ദി മെയ്ൽ ആൻഡ് ഗാർഡിയൻ വീക്കിലിയും ചിത്രം പ്രസിദ്ധീകരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാൻ വ്യഗ്രത കാണിച്ച കാർട്ടർക്കുനേരെ പലരും രംഗത്തെത്തി. കുറ്റബോധവും കാർട്ടറെ വേട്ടയാടി.അത് അസഹ്യമായപ്പോൾ വിഷാദരോഗത്തിലേക്കു വഴുതിവീണ കാർട്ടർ 1994 ജൂലൈ 27 ന് തൻറെ 34- ാ മത്തെ വയസ്സിൽ ആത്‍മഹത്യ ചെയ്തു.അതിനിടെ ആ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുലിറ്റ്സർ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
Copyright © 2017 Crest Kerala. All Rights Reserved.