വിയറ്റ്നാമിൽ ബുദ്ധ പുരോഹിതന്മാർക്ക് നേരെയുള്ള സർക്കാരിന്റെ പീഡനങ്ങളിൽ പ്രതിഷേധിച്ചു 1963 ജൂൺ 11-ന് തിച് ക്വാങ്‌ഡക്ക് എന്ന ബുദ്ധ സന്യാസി മണ്ണെണ്ണയൊഴിച്ചു സ്വയം ശരീരത്തിന് തീ കൊളുത്തിയ ചിത്രത്തെ, ലോകത്തിലെ ഏറ്റവും ഭയാനകമായ വാർത്താചിത്രങ്ങളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്. തന്റെ ശരീരമാകെ കത്തിത്തീരുംവരെ അദ്ദേഹം നിലവിളിക്കുകയോ ഇരുന്ന സ്ഥലത്തുനിന്നു ഒരല്പം നീങ്ങുകയോ ചെയ്തിരുന്നില്ല. ഈ വിശ്വവിഖ്യാതമായ ചിത്രം ലോകത്തിനു മുന്നിലെത്തിച്ചത് #മാൽകം #ബ്രൗൺ എന്ന അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്നു.'ഈ വാർത്താ ചിത്രത്തിനോളം ലോകമെമ്പാടും വികാരം സൃഷ്‌ടിച്ച മറ്റൊന്ന് ചരിത്രത്തിലില്ല ' എന്നാണ് ഈ ചിത്രത്തെ ക്കുറിച്ചു അന്നത്തെ അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ പ്രതികരണം.
സന്യാസിയുടെ ജീവത്യാഗം അന്നത്തെ വിയറ്റ്നാം പ്രെസിഡന്റായ ഡിയമിനുമേൽ അന്തർദേശീയ സമ്മർദമുയർത്തി. ബുദ്ധിസ്റ്റുകളെ ശാന്തരാക്കാൻ പുതിയ പരിഷ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. മാത്രമല്ല രാജ്യത്തെ സ്പെഷ്യൽ ഫോഴ്സ് രാജ്യവ്യാപകമായി ബുദ്ധിസ്റ്റ് പഗോഡകളിൽ നടത്തിയ റെയിഡുകളെ തുടർന്ന് മറ്റു ബുദ്ധസന്യാസിമാരും ജീവത്യാഗം ചെയ്യാനാരംഭിച്ചതോടെ വിയറ്റ്നാം ലോകത്തിന്റെ ചർച്ചാവിഷയമായി.ഒടുവിൽ യുഎസ് സൈന്യം ഡിയമിനെ വധിച്ചതോടെയാണ് പ്രശ്‍നം കെട്ടടങ്ങിയത്.
മാൽകം വിൽദേ ബ്രൗൺ അമേരിക്കൻ പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു. വിയറ്റ്നാമിലെ ബുദ്ധസന്യാസികളെ അടിച്ചമർത്തുന്ന ചിത്രങ്ങൾക്ക് 1963 ൽ ബ്രൗണിന് ലോകത്തിലെ മികച്ച ഫോട്ടോക്കുള്ള വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും , 1964 ൽ പത്രപ്രവർത്തന രംഗത്തെ മികച്ച സംഭാവനക്കു നൽകുന്ന അമേരിക്കൻ പുരസ്‌കാരമായ പുലിറ്റ്സർ സമ്മാനവും ലഭിക്കുകയുണ്ടായി.
Copyright © 2017 Crest Kerala. All Rights Reserved.